Thursday, January 31, 2008

“കുമാര“ സംഭവം

ബ്ഭര്‍ര്‍ര്‍ര്‍........

ഞെട്ടിയെഴുന്നേറ്റു! ഹിതെവിടുന്നാ ഈ ശബ്ദം? അലാറം അടിച്ചതാണോ? അല്ല അതിന്റെ സമയം ആയിട്ടില്ല. കിഴക്കു വെള്ള കീറിയതാണോ? അതിനു ഇനിയും നേരം വെളുത്തിട്ടില്ലല്ലൊ...

ഹു ഹും.....!

എന്തൊരു നാറ്റം!

അടുത്തു കിടക്കുന്ന പെമ്പ്രന്നോത്തിയെ നോക്കി. ഭാഗ്യം, അവള്‍ അറിഞ്ഞിട്ടില്ല! ശവം പോലെ കിടന്നുറങ്ങുന്നു.

രാവിലെ എഴുന്നേറ്റതു നന്നായി. ഇന്നു മുതല്‍ എന്നും രാവിലെ എഴുന്നേക്കണം എന്നു വിചാരിച്ചാ കിടന്നത്.


ഹൊ! ഈ വയറുകാരണം പ്രതിജ്ഞ പാലിക്കാന്‍ പറ്റി! അല്ലേലും വയറിനു വേണ്ടിയല്ലെ ഈ കോപ്രായം മുഴുവനും! അപ്പൊ അവനും ഇച്ചിരെ റിസ്ക് എടുക്കുന്നതു നല്ലതാ!

എനിക്കാണെ അങ്ങനെ വെല്ല്യ ആഗ്രഹം ഒന്നുമില്ലതാനും!

മൂന്നുനേരവും കോഴി, ആടുമാടാദികള്‍...
വൈകുന്നേരം ഒരല്പപ്ം സ്കോച്ച്!

ഹൊ ഓര്‍ക്കൂമ്പൊ കുളിരു കോരുന്നു.

പക്ഷെ, എല്ലാം ചീറ്റുന്ന ലക്ഷണമാ കാണുന്നത്!

എന്തു സുഖമായിട്ടു കഴിഞ്ഞുപോരുവായിരുന്നു. എല്ലാം കൂള്‍ കൂള്‍ ആയിട്ടു നടക്കുന്നുണ്ടായിരുന്നു! ചില കൈവിട്ട കളിക്കുപോയതാ പറ്റിയത്!

വേണ്ടായിരുന്നു!
ഒള്ള കഞ്ഞീം കുടിച്ചു ഒതുങ്ങിയിരുന്നാ മതിയാരുന്നു!

ഇതിപ്പൊ പിള്ളാരുടെ കയ്യീന്ന്....!

ച്ഛെ!

ഇതിനായിരിക്കും കാര്‍ന്നോമ്മാര് തിന്നിട്ട് എല്ലിനെടേക്കേറിയതിന്റെ നെഗളിപ്പെന്നു പറയുന്നത്!

എന്തു സുഖമായിരുന്നു ആ കാലം!
ഹൊ അതിങ്ങനെ ബ്ലാക്കന്‍വൈറ്റില്‍ ചുമ്മാ മുമ്പിലൂടെ ഓടിക്കളിക്കുന്നു!

നാലാം ക്ലാസ്സില്‍ വെച്ചു “മതാപിതാഗുരുര്‍ദൈവ”ത്തിലെ ഗുരുവിന്റ്റെ കുരു പൊട്ടിച്ചതും,

തത്ഫലമായി പള്ളിക്കൂടത്തിന്റെ മുമ്പിക്കൂടെ പോലും പോകതായതും,

പിന്നെ, പിതാ‍ശ്രീക്കു പാരയായി യൌവ്വനം പൂര്‍ത്തിയാക്കിയതും,

നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം കുളി കുളക്കടവില്‍നിന്നും കുളിപ്പുരയിലെക്കാക്കി സമ്പൂര്‍ണശുചിത്വഗ്രാമം നടപ്പിലാക്കിയതും

ഗതികെട്ടു വീട്ടുകാരെനിക്കു പെണ്ണാലോചിച്ചാതും....

ഇന്റ്യാദേശത്തുനിന്നു പെണ്ണുകിട്ടില്ലെന്നു മനസ്സിലാക്കിയതും...!!!


ഹായ് ഹായ്.... ഓര്‍ക്കുമ്പോള്‍ എന്തു രസം!


അന്നൊരിക്കല്‍ വീട്ടില്‍ നിന്നു കഞ്ഞിപോലും കിട്ടില്ലെന്നു മനസ്സിലായ്പ്പോഴണു പണിതപ്പിയിറങ്ങിയത്!


നാലാംക്ലാസ്സില്‍നിന്നു തന്നെ ഡിഗ്രീ സര്‍ടീറ്റ് എല്ലാം മേടിച്ചതുകൊണ്ട് ഒരു ഗുമസ്തപ്പണി അജന്‍ഡയിലില്ലായിരുന്നു.

മെയ്യനങ്ങി ശീലമില്ലാത്തതുകൊണ്ട് തൂമ്പാപ്പണിയും പറ്റില്ലാ.

പിന്നെ എന്തുപണി?

ആലൊചിച്ചു...
കുന്നുമ്പുറം ഷാപ്പിലിരുന്ന് അലോചിച്ചു!

വടക്കേമല ഷാപ്പിലിരുന്നും ആലോചിച്ചു!

മൊയലു മറിയേടെ മടിയില്‍ കിടന്നാലോചിച്ചു!


കിം ഫലം?!!!

അങ്ങനെയിരിക്കെ തോട്ടയ്ക്കാടു ഷാപ്പിലിരുന്നാലോചിച്ചു ഉറങ്ങിപ്പോയപ്പോള്‍,

“എഴുത്ത്! നെനക്കു പറ്റിയ പണി എഴുത്ത്!“

ഞെട്ടിയെഴുന്നേറ്റു കണ്ണുതുറന്നപ്പോള്‍ മുമ്പില്‍ നില്‍ക്കുന്നു:

ക്രിസ്തു? അല്ല!

കൃഷ്ണന്‍? അല്ല!

പിന്നെ....?

കറിക്കാരന്‍ കോവാലന്‍!

“അതേന്നെ, നിങ്ങക്കു പറ്റിയ പണി എഴുത്തു തന്നെയാ...”

“കാരണം?”


“കാരണം, വിദ്യാഭ്യാസമില്ല...
വിവരം ലവലേശമില്ല...
മിക്കവാറും സമയങ്ങളില്‍ ബോധവും ഇല്ല!“

യുറേക്കാ‍ാ‍ാ‍ാ‍ാ.....!


മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല ഞാന്‍.
ചാടിയെഴുന്നേറ്റ് കോവാലന്റെ ബീഡിക്കറപുരണ്ട ചുണ്ടില്‍ ഒരു ചുടുചുംബനം നല്‍കി പുറത്തേക്കോടി.

‘സ്വവര്‍ഗ’മാണെന്നെങ്ങാനും വിചാരിച്ചുകാണുമോ?

എന്തായാലും കുഴപ്പമില്ല! അത്രേം നല്ല ഐഡിയാ അല്ലെ അങ്ങേരു തന്നത്!


പക്ഷെ, എന്തെഴുതും?

അന്നേരത്തെ ആവേശത്തില്‍ അങ്ങേരോടു മുഴുവന്‍ ചോദിക്കാനും വിട്ടുപോയി.

ഇനിയിപ്പൊ എന്തുചെയ്യും?

ഒരു ബോധിവൃക്ഷച്ചുവട്ടില്‍ ഇരുന്നാലും ചുമ്മാ കൊതുകുകടി കൊള്ളാന്നല്ലാതെ ഒരു കാര്യവുമില്ല! അതൊറപ്പാ!

കോവാലന്‍ തന്നെ ശരണം. അങ്ങേരോടു തന്നെ ചോദിക്കാം.

തന്നെ കണ്ടതും ഷാപ്പിന്റെ പിന്നാമ്പുറത്തൂടെ ഓടിയ കോവാലനെ വളഞ്ഞുപിടിച്ചു!


“എന്റെ കുഞ്ഞേ നീ ഇത്തരക്കാരനണെന്നറിഞ്ഞില്ല! അയ്യെ, പിടിവിട്!“

പിടിവിട്ടു. വീണ്ടും ഓടാന്‍ തയ്യാറായ കോവാലന്റെ കാല്‍ക്കല്‍ ഒരു സാഷ്ടാംഗം അങ്ങു വെച്ചുകൊടുത്തു!

“കോവാലഗുരു രക്ഷിക്കണം! അങ്ങെന്നോട് എഴുതാന്‍ പറഞ്ഞു.
പക്ഷെ എന്തെഴുതും?
അറിയാല്ലൊ എന്റെ തലേലൊന്നുമില്ല, പോക്കറ്റിലും!“


“അത്രെയൊള്ളൊ കാര്യം?!

നീയെന്നെ വെറുതെ പേടിപ്പിച്ചല്ലോടാ കുരുവേ!

ഏടാ നിനക്കു കത, കവിത ഒന്നും പറ്റത്തില്ല!

കാരണം, നിനക്കു വെളിവില്ല!“

“എനിക്കറിയാം” ഞാന്‍ വീണുകിടന്നു പറഞ്ഞു.

“യാത്രാവിവരണം, ദൃക്‌സാക്ഷിവിവരണം പറ്റത്തില്ല!

കാരണം നിനക്കു ബോധമില്ല!”

“ഊം...”

‘സാസ്ത്രം, ചരിത്രം എന്നൊക്കെ നീ കേട്ടിട്ടുണ്ടോ?”

“ഇല്ല”


“അപ്പൊപ്പിന്നെ എന്തുചെയ്യും?”

..........

.................

“എന്തുചെയ്യും?”


“നിരൂവണം”

“എന്തു വാണം?”

“വാണമല്ലടാ പാപി, എടാ വിമര്‍ശനം!

അതായത്, പാവപ്പെട്ടവന്‍ മെനക്കെട്ടിരുന്നെഴുതുന്നത് ചുമ്മാ വലിച്ചു കീറുന്ന പരുവാടി! മനസ്സിലായോടെ?”

........................................................
....................................................................

തിരിഞ്ഞുനടന്ന കോവാലന്‍ ഒരു നിമിഷം നിന്നിട്ടു ചോദിച്ചു:

“നെനക്കു വായിക്കാന്‍ അറിയാമോടെ?”

“അത്യാവശ്യം ചരമക്കോളമൊക്കെ!”


പിന്നെയൊരുപോക്കായിരുന്നു.....

കണ്ണിക്കണ്ട പുസ്തകം മുഴുവന്‍ വായിച്ചു....

ഒരന്തോംകുന്തോം കിട്ടിയില്ല! മലയാളത്തില്‍ എന്തുമ്പേണ്ടി അക്ഷരമാ? ഏതു തെണ്ടിയാണോ ഇതെല്ലാം ഉണ്ടാക്കിയത്?

എന്നാ ഒരു ചെയ്യ്തായിപ്പോയി!

പിന്നെ മുത്ത്, മുത്തുച്ചിപ്പി തുടങ്ങിയ ‘സര്‍വ്വവിജ്ഞാനം കം ശബ്ദതാരാവലി’

വഴി അക്ഷരജ്ഞാനം വര്‍ധിപ്പിചു!

കുറച്ചു വായിച്ചെഴുതി....

കൂടുതലും വായിക്കാതെഴുതി!

എഴുതിയതൊക്കെയായി ഓരോ പ്ത്രാധിപന്മാരുടെ അടുത്തേക്ക്!

ഉഡായിപ്പിനു നമ്മുടെ അടുത്തു പഞ്ഞമില്ലാത്തതുകൊണ്ടും, അവന്മാരു ഒന്നും വായിച്ചു നോക്കാത്തതുകൊണ്ടും, കള്ളുമേടിച്ചു കൊടുത്തും കാര്യം നടത്തി!


പൂച്ച പോകുന്നിടത്തെല്ലാം അതിന്റെ വാലും പൊകുന്നതുപോലെ,

മാസിക പൊയെടത്തെല്ലാം എന്റെ സൃഷ്ടിയും പോയി.

പുറകെ ഞാനും!

കുറച്ചു കാശു പോയാലെന്താ...


എഴുത്തുകള്‍ തുരുതുരാന്ന്!

മാസിക ഖുശി!

പത്രാധിപര്‍ ഖുശി!


പിന്നെ എന്തായിരുന്നു!


കാലം അങ്ങനെ ചുമ്മാ പോയപ്പൊളാ,

വിനാശകാലേ വിപരീതബുദ്ധി!!!

ചുമ്മാ ഒരബദ്ധം!
................................

ഈ വെള്ള പെയിന്റ്റടിച്ച വീഞ്ഞപ്പെട്ടി പലേടത്തും കണ്ടിട്ടുള്ളതാ നേരത്തെ.

പിന്നയാ അറിഞ്ഞത് അതിനകത്ത് മലയാളത്തിലും ഏതാണ്ടൊക്കെ വരുന്നുണ്ടെന്ന്!

ഹാ... ഏതു നശിച്ച നിമിഷത്തിലാണോ അതിലൊന്ന് എത്തിനോക്കാന്‍ തോന്നിയത്!

എന്താ അതിന്റെ പേര്? ഇത്രയും കാലമായിട്ട് അതിന്റെ പേരെന്റെ വായില്‍ നേരേചൊവ്വേ വരുന്നില്ല!

എന്തായാലും അതിനാത്ത് മുഴുവന്‍ വെവരമില്ലാത്ത പിള്ളേരാ എഴുതുന്നതെന്നും, പലരും കേരളം വിട്ട് കുറെക്കാലമായതുകൊണ്ട് മലയാളത്തില്‍ എന്നേക്കാളും കൊഞ്ഞണ്ടമ്മാരാ എന്നുപറഞ്ഞ് എന്നെ അതില് ചാടിച്ചത് ആ മാത്യൂസാ...

അവനെന്നോടു പണ്ടെ കലിപ്പൊള്ളതാ. എന്നാലും അതിങ്ങനെ തീര്‍ക്കുമെന്ന് ആരറിഞ്ഞു?


അന്നുതുടങ്ങി പരിപാടി....

കൂലിക്കാളേം വെച്ചു! ഞാന്‍ പറഞ്ഞുകൊടുക്കും, അവന്‍ എഴുതും!

10 ദിവസത്തിനകം 7 പേരു വന്നു!

അവനും പൊയപ്പ ‘വികലാംഗ’ സംവിധായകന്റെ സ്ക്രിപ്റ്റ് പകര്‍ത്തിയെഴുതുന്ന ഒരുത്തനെ പൊക്കി.

അവനാകുമ്പൊ ഏതു വിവരക്കേടും സഹിച്ഛോളും!

അങ്ങനെ അവനെക്കൊണ്ടു വീണ്ടും പണി തൊടങ്ങിയതാരുന്നു....

ഇങ്ങനൊക്കെ ആകുമെന്ന് ആരുകണ്ടു!

ആദ്യമൊക്കെ എന്തു രസമായിരുന്നു!

“സ്വാഗതം”

“ബൂലോകത്തേക്കു വന്നാലും”

“കൊള്ളാം”

ആ മാത്യൂസിനു ചായ മേടിച്ചു കൊടുക്കണമെന്നുതോന്നിയ കാലം!

ഈ വയസ്സുകാലത്ത് ആവേശം നല്ലതല്ലെന്ന് പെമ്പ്രന്നോര് എപ്പൊളും പറയുന്നതാ...!


ഒരു പരമ്പര അങ്ങു കാച്ചി!

പാവങ്ങള്‍ ഒന്ന്;

പാവങ്ങള്‍ രണ്ട്.....

ഒരു തുടരന്‍.


ഒരിക്കല്‍ ഞാന്‍ പറഞ്ഞു, ആണുങ്ങളില്‍ പാവം സുകുമാരക്കുറുപ്പാണെന്ന്.

അപ്പൊ ഒരുത്തന്‍ പറയുവാ

എന്നാ പെണ്ണുങ്ങളില്‍ പാവം ഷക്കീല ആണെന്ന്!


അന്നു തുടങ്ങിയതാ എന്റെ ഗെതികേട്.

ഞാന്‍ എഴുതുന്നത് വായിക്കാന്‍ ആരും വരാറില്ലായിരുന്നെങ്കിലും, ആ മാക്രി എഴുതിയതു വായിച്ചിട്ട് കൊറെ അവമ്മാരു വന്നു!

പിന്നെ എന്തായിരുന്നു പുകില്!

ആ വന്ന് കുറ്റം പറഞ്ഞവമ്മാരെയെല്ലാം ആദ്യമൊക്കെ തെറി കടിച്ചുപിടിച്ച് സംസ്കാരത്തിന്റെ ആന്ദോളനമെന്നും പ്രതിഭയുടെ ബഹിര്‍സ്ഫുരണമെന്നുമൊക്കെ കാച്ചി നോക്കി!

എന്തു ഫലം!

ഗതികെട്ടപ്പോള്‍ തന്തയ്ക്കും വിളിച്ചു!

പിള്ളാരു വിടുന്നില്ല!

അപ്പൊ ഞാന്‍ പഴയ പണി വീണ്ടുമെടുത്തു.

പല അവ്താരത്തില്‍ ഞാന്‍ എന്നെത്തന്നെ ഒന്നു പൊക്കി നോക്കി!

അവമ്മാരതു കയ്യോടെ പൊളിച്ചടുക്കി കയ്യില്‍തന്നു!

അപ്പൊ ഞാന്‍ കമന്റ് ഓപ്ഷനങ്ങ് കളഞ്ഞു.

അപ്പൊ ദാണ്ടെ എന്റെ ഹിറ്റ് മീറ്റര്‍ ചത്തു മലച്ചു കെടക്കുന്നു!

ഹും! എന്നോടാ കളി!

തൊട്ടികളില്‍ തൊട്ടിയും ലോക ഉഡായിപ്പുമായ എന്നെ തോല്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ എന്നും പറഞ്ഞ് ഒരു കാച്ചങ്ങ് കാച്ചി, എന്റെ പഴയ പ്രസ്ഥാനത്തില്‍. സകല അവമ്മാരേം തെറി പറ്ഞ്ഞോണ്ട്! രണ്ടു ഫുള്ളും കുറച്ചു ദമ്പടിയും പോയങ്കിലെന്താ!

തൂറിയാ കഴുകാതിരിക്കാന്‍പറ്റുമൊ?????

ഹല്ല പിന്നെ....!!!