Tuesday, March 18, 2008

ടീച്ചറും അനിയന്മാരും!!!

രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ നിന്നാണ് ഞാന്‍ അവിടെ എത്തിയതും ആ ‘വാക്ദോദ്ധരണി’ കേള്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ചതും! മറ്റൊരു ‘ശബ്ദമലിനീകരണം’ എന്നതില്‍ കവിഞ്ഞൊന്നും തോന്നിയില്ല അതു കേട്ടപ്പോള്‍ തുടക്കത്തില്‍! എന്നാലും അവര്‍ ഏതറ്റം വരെ പോകുമെന്നുള്ള ആകാംഷ എന്നെ അതു മുഴുവനും കേള്‍പ്പിച്ചു. അതിങ്ങനെ കേട്ടു കേട്ടു വന്നപ്പോള്‍ ചിരിയാണു വന്നത് ആദ്യമൊക്കെ. പക്ഷെ ആ പ്രസംഗം(അതോ അധികപ്രസംഗമൊ!) കേള്‍ക്കുന്ന ആളുകളുടെ കൈയ്യടി കേട്ടപ്പോ പേടി തോന്നി! പിന്നീടാണ് അതിന്റെ താഴെയുള്ള കമന്റുകള്‍ കണ്ടത്. ആ വിഷജല്പനത്തെ പുകഴ്ത്തിയും ഇനിയും ഇനിയും പോരട്ടെ എന്ന മട്ടിലുള്ളവ! ചിലര്‍ ഒരുപടിയും കൂടികടന്ന് അത് എല്ലാ പഞ്ചായത്തിലെയും വാര്‍ഡുകളില്‍ മൈക്കു കെട്ടിവെച്ച് കേള്‍പ്പിക്കണമെന്നുവരെ പറഞ്ഞുവെച്ചു! വേറെ ചിലവന്മരോ, സ്വന്തം അമ്മയെ വരെ തള്ളിപ്പറഞ്ഞ് ആ പെണ്ണുമ്പിള്ളയെ അമ്മയാക്കി വെച്ചു!

പക്ഷെ എനിക്കു മനസ്സിലാവാതെ പോയത് വേറൊരു കാര്യമാണ്! ഈ പാഴുബുദ്ധിയില്‍ തോന്നിയ ഒരാശങ്ക എന്നു വേണമെങ്കിലും പറയാം! രാജീവും അതിനു കമന്റിയ രാം മോഹനും പറയുന്നുണ്ട് തങ്ങള്‍ക്ക് അത് അയച്ചുതന്നത് ഓരൊ ‘അനിയന്മാ’രാണെന്ന്. അതിലുള്ള തന്റെ ആശങ്ക രാം മോഹന്‍ തന്റെ കമന്റിലൂടെ പങ്കുവെക്കുന്നുമുണ്ട്.

അതെ, അതാണ് അതുമാത്രമാണ് എന്നെ ചുമ്മാ ടെന്‍ഷന്‍ അടിപ്പിക്കുന്ന സംഭവം!

കാരണം, ആ സ്ത്രീ അങ്ങനെ പ്രസംഗിച്ചെങ്കില്‍, അതിനവര്‍ക്ക് പല കാരണങ്ങള്‍ കാണും. ഒരുപക്ഷെ അന്യമതസ്ഥരില്‍ അവര്‍ക്കേല്‍ക്കേണ്ടി വന്ന എന്തെങ്കിലും പ്രശ്നം. അല്ലെങ്കില്‍ സ്ഥാനമോ അധികാരമോ അങ്ങനെ എന്തെങ്കിലുമോ നേടാനുള്ള ദുര! ഒന്നുമല്ലെങ്കില്‍ ചുമ്മാ ഒരു രസത്തിന്! അതെന്തുമാവട്ടെ, അവരായി അവരുടെ പാടായി!

പക്ഷെ അതു ഫോര്‍വേഡ് ചെയ്തു രസിക്കുന്നവരുടെ കാര്യമൊ?

ഒരു സാമാന്യബുദ്ധിക്കു നോക്കിയാല്‍ ഈ ‘ഫോര്‍വേടന്‍’മാരില്‍ കൂടുതലും ഡിഗ്രി വരെയെങ്കിലും പോയവരും(പോയന്നെ ഞാന്‍ പറഞ്ഞിട്ടുള്ളൂ!) മദ്ധ്യവര്‍ഗ്ഗ, ‘പാല്‍പാട’ മദ്ധ്യവര്‍ഗ്ഗ സന്താനങ്ങളുമാണ്. ദിവസത്തില്‍ പന്ത്രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം കമ്പ്യൂട്ടറിന്റെ മുന്‍പില്‍ കുത്തിയിരിക്കുകയും പണിയൊന്നും ചെയ്യാനില്ലാത്തതുകൊണ്ടും കിട്ടിയ പണി ചെയ്യാന്‍ അറിയാന്‍ പാടില്ലാത്തതുകൊണ്ടും മറ്റുള്ളവരുടെ മെയില്‍ബോക്സിനെ പരിപോഷിപ്പിക്കുക്ക എന്ന ഒറ്റപ്പണി മാത്രം ആത്മാര്‍ത്ഥമായിചെയ്യുന്ന ചിലവന്മാരും അതില്‍പ്പെടും! അതില്‍ ഭൂരിഭാഗവും ജനിച്ചതും വളര്‍ന്നതും കേരളത്തിലും. അതുകൊണ്ടുതന്നെ യുവജനമെന്നു പറയുമ്പോള്‍ ചോരയും നീരുമുള്ള എന്ന വിശേഷണം അപ്ലൈ ചെയ്യാന്‍ പറ്റില്ല(നീരു വേണമെങ്കില്‍ കാണും, ബ്രോയിലര്‍ പരുവമല്ലെ!).

അവര്‍ ഇത്തരം സാധനങ്ങള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ പ്രചാരം നല്‍കുന്നു? കാരണം അതില്‍ എത്രപേര്‍ക്കുണ്ട് ഒരു വര്‍ഗ്ഗീയകലാപത്തിന്റെയൊ മതവിദ്വേഷത്തിന്റെയൊ മതവിവേചനത്തിന്റെയോ(ജാതിവിവേചനമല്ല) അനുഭവം?

എത്രപേരുണ്ട് റഫീക്കിന്റെയും ബഷീറിന്റെയും ചെറിയാന്റെയും മാത്യുവിന്റെയും ഒപ്പം പഠിക്കുകയും കളിക്കുകയും ചിലപ്പൊ, കള്ളുകുടിക്കുകയും ചെയ്യാത്തവര്‍?!

ഇങ്ങനെ ഒരു ‘സുന’ രസിച്ചു കാണുകയും പ്രചുരപ്രചാരം കൊടുക്കുകയും ചെയ്യുന്നവന്‍ പിന്നെ എങ്ങനെ “വാടാ ഒരു ചായ അടിക്കാം” എന്നു ബഷീറിനോടു പറയും? അല്ല, അവനൊരു മമ്മൂട്ടിപ്പടം കാണാന്‍ പറ്റുമോ?

ആവോ, ആര്‍ക്കറിയാം!!!

ഈപ്പറഞ്ഞതുകൊണ്ട് ഹിന്ദുമാത്രം മോശവും ബാക്കി എല്ലാം നല്ലതെന്നും വരുന്നില്ല! ഇന്നു കുങ്കുമക്കുറി, നാളെ കുരിശുമാല അല്ലെങ്കില്‍ ചന്ദ്രക്കലയും താടിയും! വേഷങ്ങിളിങ്ങനെ മാറിവരും!

തിന്നിട്ട് എല്ലിനെടെ കുത്തുമ്പോ, അങ്ങനെ അല്ലെ വരൂ!!!

3 comments:

ബിന്ദു കെ പി said...

ഈ പറഞ്ഞ പ്രസംഗം ഡൌണ്‍ലോഡ് ചെയ്യാന്‍ വച്ചിരിക്കുകയാണ്. കേട്ടു നോക്കട്ടെ..

സുല്‍ |Sul said...

ഇങ്ങനെയുള്ളത് കേള്‍ക്കുന്നതിനേക്കാള്‍ കേള്‍ക്കാതിരിക്കലല്ലേ ഉത്തമം.

-സുല്‍

Anonymous said...

Modern India's biggest threat is attempt by brahminism to re establish itself in our society.
But unfortunately for the new warlords of brahminism the modern generation is educated and skilled than them, so it will end as warcries of some scary minds :-). Don't worry be happy haha.these old fellows has screwed up the country so much that it's own population has to work as refugees in other nations and it is not enough for these idiots.