Sunday, June 12, 2011

നീരാളി ടാറ്റൂ ഉള്ള പെൺകുട്ടി The Girl With the Dragon Tattoo


നീരാളി ടാറ്റൂ ഉള്ള പെൺകുട്ടി The Girl With the Dragon Tattoo

കുറെക്കാലമായി കേൾക്കുന്നതായിരുന്നു ഈ പേര്. പേരുകേട്ടതല്ലാതെ ഇതുവരെ വായിക്കാൻ പറ്റിയില്ലായിരുന്നു. രണ്ടാഴ്ച മുൻപാണു എന്തായാലും മേടിക്കാൻ തീരുമാനിച്ചതും താമസംവിനാ മേടിച്ചതും. വായന കമ്മിയായതുകൊണ്ട് പുസ്തകം അല്ല മേടിച്ചതെന്നു മാത്രം. പകരം ഓഡിയോ ബുക്കു മേടിച്ചു. ഹമ്മേ....പിടിച്ചിരുത്തിക്കളഞ്ഞു, സത്യം! ഫോട്ടോ കണ്ടുനോക്കൂ. നോവലിലെ കഥാപാത്രങ്ങളുടെ പേരും അവർ തമ്മിലുള്ള ബന്ധവും അടയാളപ്പെടുത്തി വെച്ചിരിക്കുന്നതാണ് അതിൽ (കണ്ടാ അങ്ങനെ തോന്നില്ലെങ്കിലും). ആദ്യമായിട്ടാ, ഇത്രയും അധ്വാനമെടുത്തു ഒരു നോവൽ വായിച്ചു...അല്ല കേട്ടു തീർത്തതു. എന്നാലും രണ്ടു ദിവസംകൊണ്ടു തീർത്തു. ടെൻഷൻ മൂത്തു ഒരുദിവസം ഓഫീസിലിരുന്നുവരെ കേട്ടു. വായനയുടെ ‘റീച്ച്’ അത്രയില്ലാത്തതുകൊണ്ടാണോയെന്നറിയില്ല, വായിച്ച പുസ്തകങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്ന്.

തീ കൊണ്ടു കളിച്ച പെൺകുട്ടി The Girl Who Played with Fire

ഏതായാലും അത് കഴിഞ്ഞതെ അതിന്റെ സെകൻഡ് പാർട്ട് വായിക്കാതെ ഇരിക്കപ്പൊറുതിയില്ലെന്നായി മാറി. ഇത്തവണ യഥാർത്ഥപുസ്തകം തന്നെയായിരുന്നു വാങ്ങിച്ചതു പുസ്തകം ഒരു നിധിയാണല്ലോയെന്നുള്ള ‘നൊസ്റ്റാൾജിയയായിരുന്നു മനസ്സിൽ. പക്ഷെ വാങ്ങിച്ചു കഴിഞ്ഞപ്പോളാണൂ മനസ്സിലായത് അബദ്ധം. ശീലമില്ലാത്തത് ചെയ്യാനുള്ള വൈമുഖ്യം, ഒന്നും ചെയ്യാതിരുന്നിട്ട് ഒരു സുപ്രഭാതത്തിൽ എക്സർസൈസ് ചെയ്യാൻ പോയപോലെ. കുത്തിയിരുന്നു വായിക്കാൻ മനസ്സു വഴങ്ങിത്തരുന്നില്ല. മാത്രമല്ല സമയവും കമ്മി. ഓഡിയോ ബുക്ക് ആവുമ്പോൾ അതു കേൾക്കാൻ പ്രത്യേകിച്ചു സമയമൊന്നും ഡെഡിക്കേറ്റ് ചെയ്യണ്ടല്ലോ. ഒരു ഇയർഫോണും കുത്തി എന്തുപണി വേണമെങ്കിലും ചെയ്യാമല്ലോ. പക്ഷെ, പുസ്തകം അങ്ങനെ പറ്റില്ലല്ലോ! അങ്ങനെ രണ്ടു ദിവസത്തിനു പകരം ഒരാഴ്ച കൊണ്ടാണ് രണ്ടാംഭാഗം വായിച്ചു തീർത്തത്.

കൊളവിക്കുടിനിട്ടു തൊഴിച്ച പെൺകുട്ടി The Girl Who Kicked the Hornet's Nest

എന്തായാലും മൂന്നാംഭാഗം ഓഡിയോബുക്കുതന്നെ വാങ്ങിച്ചു. സത്യത്തിൽ ഗ്രാൻഡ് ഫിനാലെ എന്നൊക്കെ മനസ്സിൽത്തട്ടി പറയാൻ പറ്റും. അത്രയ്ക്കു മനോഹരമായിട്ടു തീർത്തിരിക്കുന്നു സ്റ്റീഗ് ലാർസൺ. യഥാർത്ഥത്തിൽ തീർന്നില്ലായിരുന്നുവെന്നും പത്തു ഭാഗങ്ങളായിരുന്നു ലാർസൺ ഉദ്ദേശിച്ചതിരുന്നതെന്നും നാലാംഭാഗം മുക്കാലും അഞ്ചും ആറും ഔട്‌ലൈനും തീർത്തിരുന്നുവെന്നതുമാണ് സത്യം. പക്ഷെ, വിധി അദ്ദേഹത്തിനെ അതിനനുവദിച്ചില്ല. ഗംഭീരമായ ഈ മൂന്നാംഭാഗത്തിനു ശേഷം അദ്ദേഹം മരണപ്പെട്ടു.
എലിസബത്ത് സാലൻഡറിനും മിഖായേൽ ബ്ലൂംഗിസ്റ്റിനും തലയുയർത്തിപ്പിടിച്ചു കാലാകാലത്തോളം നിൽക്കാം പറ്റുമെന്നു മരിക്കുന്നതിനുമുൻപ് അദ്ദേഹത്തിനറിയാമായിരുന്നോ? കാരണം ലാർസന്റെ മരണശേഷമായിരുന്നല്ലോ ഈ മൂന്നുഭാഗങ്ങളും പുറത്തുവന്നത്!

താങ്കൾ മിസ്റ്ററി, സസ്പെൻസ് ത്രില്ലറുകൾ ഇഷ്ടപ്പെടുന്നയാളാണോ, ഒരിക്കളും ഇതു മിസ്സ് ചെയ്യരുതു.

വാൽക്കഷണം: നോവൽ വായിച്ചു കഴിഞ്ഞ ഉടനെ, സിനിമയും കണ്ടു. സ്വീഡിഷ് (നോവൽ ഒറിജിനലി സ്വീഡിഷ് ആണ്.) ആണു കണ്ടത്. ഹോളിവുഡിൽ 2011 ഡിസംബറിൽ ഒന്നാംഭാഗം റിലീസ് ചെയ്യും.).
നോവൽ കാഞ്ചീപുരം സാരിയാണെങ്കിൽ, സിനിമ വെറും ഗാർഡൻ വറോളി ആയിൽ സാരിമാത്രം.
നോവൽ സെവൻ കോഴ്സ് ഡിന്നറാണെങ്കിൽ സിനിമാ വെറും കാലിച്ചായ മാത്രം !

No comments: