ഇന്ത്യയുടെ ഭൂപടത്തിന്റെ ഒരു പ്രത്യേകത പറയാമോ ആര്‍ക്കെങ്കിലും? ആ ഒരു പ്രത്യേകത കൊണ്ടാണ് ഇടയ്ക്കിടയ്ക്ക് കണ്ട ആസാമിമാരെല്ലാം വന്ന് ബോംബേയിലും അഹമ്മദാബാദിലും ബാംഗളൂരുമൊക്കെ വന്ന് അഞ്ചാറ് പടക്കം പൊട്ടിച്ചേച്ച് പോകുന്നത്! സത്യമായിട്ടും!
കണ്‍ഫ്യൂഷനായോ?
എന്നാ ഒരുകാര്യം ചെയ്യ്. മാപ്പുള്ളവരൊക്കെ മാപ്പുപറഞ്ഞേ, അല്ല മാപ്പു തുറന്ന് അങ്ങ് നിവര്‍ത്തിയിട്ടേ. അന്നിട്ട് ഇന്ത്യേലോട്ടൊന്ന് സൂക്ഷിച്ച് നോക്കിക്കേ. ഇനി പറ, ഈശോമിശിഹാ കുരിശേക്കിടക്കുന്ന ഒരു ലുക്കില്ലേ ആ ഷേപ്പിന്. കൈ രണ്ടും വിരിച്ചുപിടിച്ച് നെഞ്ച് അങ്ങ് തള്ളിപ്പിടിച്ച്, എല്ലാരും എന്റെ നെഞ്ചത്തോട്ട് കേറിക്കോ കേറിക്കോ എന്നും പറഞ്ഞോണ്ട് നമ്മടെ രാജ്യം വിശാലമായിട്ട് അങ്ങ് പരന്നുകിടക്കുവല്ലേ... അപ്പൊ അതുകാണുന്നവനൊക്കെ പൂരപ്പറമ്പില്‍ പൊട്ടാതെ കിടക്കുന്ന ഓലപ്പടക്കവും ഗുണ്ടുമെല്ലാം ചൊമന്നോണ്ട് ഇങ്ങ് പോരും, ചുമ്മാ പൊട്ടിച്ചുകളിക്കാന്‍. ഇവിടെയാകുമ്പോള്‍ രാജ്യത്തിന്റെ കിടപ്പിന്റെ ഷെയ്പ്പിന്റെ(ഹെന്റമ്മോ എന്താ എന്റെ ശൈലി!) ചൂരടിച്ചിട്ടായിരിക്കും പോലീസും കണ്ടകണച്ചാദി സെക്യൂരിറ്റീസി ഫോഴ്സുമെല്ലാം അങ്ങനെ വരുന്നവമ്മാരെയെല്ലാം സന്തോഷത്തോടെ കണ്ടില്ലെന്ന് നടിച്ചോളുകയും ചെയ്യും! ഇതൊക്കെ വായിച്ചിട്ട് കലിപ്പുമൂക്കുന്നവര്‍ തുടര്‍ന്നുവായിക്കുക്ക. എനിക്ക് ഉണ്ടായിട്ടൊള്ള ചില അനുഭവങ്ങള് പറയാം. കലിപ്പൊക്കെ ആവിയായി ഏഴാം സ്വര്‍ഗ്ഗം പൂകിക്കോളും, ചെലപ്പൊ കലിച്ചവനും!
കാലം 2003 ഏതോ ഒരുമാസം. ഡെല്‍ഹിക്ക് പോകാനുള്ള അനിയനെയും കൊണ്ട് ഞാന്‍ ബാംഗ്ലൂര്‍ എയര്‍പ്പോര്‍ട്ടില്‍ ചെല്ലുന്നു. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ഫ്ലൈറ്റ്. അവനെ പറപ്പിച്ചേച്ചിട്ട് എനിക്ക് മഡിവാളയില്‍ ചെന്ന് നാട്ടിലേക്ക് തെറിക്കാനുള്ളതാണ്. അതുകൊണ്ട് രണ്ട്പേരുടെയും കയ്യില്‍ ഓരോ ബാഗുമുണ്ട്. പിന്നെ അവന്റെ കയ്യില്‍ എക്സ്ട്രാ ആയിട്ട് ഒരു കീബോര്‍ഡും. കയ്യില്‍ ടിക്കറ്റുള്ളതുകൊണ്ട് അവനും മുപ്പതു രൂപായുടെ പാസ്സെടുത്ത് ഞാനും എയര്‍പ്പോര്‍ട്ടിന്റെ ഉള്ളില്‍കേറി. അവിടെ ഗ്രൌണ്ട് ഹാന്‍ഡിലിങ്ങ് ഡൊമസ്റ്റിക്കിന് ഓരോ വിമാനക്കമ്പനിയും അപ്നാ അപ്നാ ആണെന്നുതോന്നുന്നു. എതായാലും അവനുപോകാനുള്ള ഡെക്കാന്റെ സ്കാനിങ്ങ് യെന്ത്രത്തിന്റെ മുന്‍പിലുള്ള ക്യൂവില്‍ അവന്‍ കയറിപ്പറ്റി, അവന്റെ സൈഡിലായി ഞാനും നിന്നു. അവന്റെ ഊഴമായപ്പോള്‍ അവന്‍ ബാഗ് ആ യെന്ത്രത്തിന്റെ ഉള്ളിലേക്ക് തള്ളിക്കൊടുത്തു. കീബോര്‍ഡ് കയ്യിലും പിടിച്ചു. അതിന്റെയിടക്ക് കിടിലന്‍ പെമ്പിള്ളാരെയൊക്കെ(എയര്‍പ്പോര്‍ട്ടല്ലേ) വായിനോക്കി ഞാനും എന്റെ ബാഗും അവിടെ വെച്ചിരുന്ന ബാരിക്കേഡിന്റെ ഓട്ടയില്‍ക്കൂടി അകത്ത് കടന്നിരുന്നു. ബാഗിനു ഭാരം കൂടിയപ്പോള്‍ നിലത്തോട്ടും വെച്ചു. പരിശോധന കഴിഞ്ഞപ്പോള്‍ ചേട്ടാ എന്നാ പോകാമെന്നു പറഞ്ഞ് അവന്‍ മുമ്പോട്ടു നടന്നു. അവന്റെ കൂടെ ഞാനും. അപ്പൊഴാണ് എന്റെ ബാഗിലൊരു പിടി. പിടിയുടെ അങ്ങേയറ്റത്ത് എയര്‍പ്പോര്‍ട്ട് സെക്യൂരിറ്റിയും. എടാ എനിക്ക് ബാഗുമായിട്ട് കേറാന്‍മേലായിരിക്കും, എന്നാ ഞാന്‍ വെളിയില്‍ നിക്കാം എന്ന് ഞാന്‍ അനിയനോട് പറഞ്ഞുതീരുന്നതിനു മുന്‍പ് സെക്യൂരിറ്റിയണ്ണന്‍ അവന്റെ മനോഹരമായ കൈകൊണ്ട് ഒരു മനോഹരമായ ടാഗ് എന്റെ ബാഗിനും വെച്ചുതന്നു! ഒരു സ്കാനിങ്ങും കൂടാതെ! എന്നാപ്പിന്നെ എന്തിനാ കുറക്കുന്നതെന്നാലോചിച്ച് ഞങ്ങളു രണ്ട്പേരും അവിടെയൊരു കോഫിയൊക്കെ കുടിച്ച് വായ്നോട്ടം പൂര്‍വാധികം ശക്തിയോടെ തുടരുന്നതിന്റെയിടയില്‍ എന്റെ മനസ്സില്‍ക്കൂടെ ഒരു ചില്ലിങ് തോട്ട് ചുമ്മാ കടന്നുപോയി. അപ്പൊ വല്ലോനും ബോംബുമായിട്ടു വന്നാല്‍? അല്ലേപ്പോട്ടേ അഞ്ചാറുകിലോ മയക്കുമരുന്നായാലോ? യോഗമുണ്ടെങ്കില്‍ കൂളായി അകത്ത് കടക്കാം. ഇനി യോഗമില്ലെങ്കിലും കുഴപ്പമില്ല. അവിടെയുള്ളത് മൊത്തം രണ്ട് സെക്യൂരിറ്റിയാണ്, തോക്കുമ്പിടിച്ച്. അവമ്മാര്‍ അരിപ്പപ്പരുവമാകാന്‍ വല്ല്യ ടയിം ഒന്നുംവേണ്ട! എങ്ങനെയുണ്ട് അനുഭവം നംബര്‍ വണ്‍?
ഇതാ അടുത്തൊരു അനുഭവം. ഇതും എയര്‍പ്പോര്‍ട്ട് അനുഭവം തന്നെ. 6 മാസം മുന്‍പ് ഞാന്‍ അവുധി കഴിഞ്ഞ് ഇങ്ങോട്ട് മടങ്ങിപ്പോരുന്നു. അഹമ്മദാബാദ്, ബാംഗ്ലൂര്‍ സ്ഫോടങ്ങള്‍ക്ക് തൊട്ട്ശേഷം. ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ നിന്നാണ് യാത്ര. ചെക്ക്-ഇനും കഴിഞ്ഞ് ബോര്‍ഡിങ്ങ് പാസ്സുമായി, ക്യാരി ഓണ്‍ ബാഗേജിന്റെ സ്ക്രീനിങ്ങിനായി നില്‍പ്പായി. മുന്‍പിലുള്ള യാത്രക്കാര്‍ ഓരൊരുത്തരായി തങ്ങളുടെ ബാഗ് സ്കാനിങ് മെഷീനിലേക്ക് തള്ളിവിടുന്നു പിന്നെ മെറ്റല്‍ ഡിക്റ്ററ്റര്‍ പരിശോധനയ്ക്ക് നിന്നുകൊടുക്കുന്നു. മുന്‍പില്‍ അത്യാവശ്യം നല്ല ക്യൂവുണ്ട്. സമയം പോകാന്‍ ഞാന്‍ ചുറ്റുമൊന്ന് കണ്ണോറ്റിച്ചു. നിരാശപ്പെടുത്താതെ കണ്ണ് കൃത്യമായിട്ട് ഒരു കളറില്‍തന്നെ ചെന്നുടക്കി. പക്ഷെ, കളര്‍ കാക്കിയാണെന്നു മാത്രം. വനിതകളെ പരിശോധിക്കാന്‍ നില്‍ക്കുന്നവള്‍. തല്‍ക്കാലം വനിതകളൊന്നുമില്ല. അതുകൊണ്ട് കിളി വിശ്രമത്തിലാണ്. വിശ്രമവേളകള്‍ വിനോദപ്രദമാക്കാനായിരിക്കും തന്റെ ചുറ്റും നില്‍ക്കുന്ന കാക്കികളോട് മുടിഞ്ഞ വാചകവും ഫിറ്റുചെയ്യുന്നുണ്ട് കിളി, അതും രാഷ്ട്രഭാഷയില്! പക്ഷെ എന്നെ ചുമ്മാ ഞെട്ടിച്ചത് അതൊന്നുമല്ല. കിളിയോട് കത്തിവെക്കുന്ന ഒരു കാക്കി ആ പോകുന്ന യാത്രക്കാരുടെ ബാഗുകള്‍ സ്കാന്‍ ചെയ്യുമ്പോള്‍ സ്ക്രീനില്‍ കണ്ണും നട്ടിരിക്കണ്ടവനാണ്. അവനതാ കറങ്ങുന്ന കസേരയിലിരുന്നു കറങ്ങിക്കളിക്കുന്നു. ദോഷം പറയരുതല്ലോ, രണ്ട് മൂന്നു ബാഗിന് ഒന്ന് എന്ന രീതിയില്‍ അവന്‍ മുറ്റു ഗൌരവത്തില്‍ സ്ക്രീനില്‍ ഒന്ന് കണ്ണോടിക്കുന്നുണ്ട്. ഞാന്‍ എന്റെ മുന്‍പില്‍ ഉള്ളവരെ നോക്കി. മിക്കവരും പ്രായമുള്ളവര്‍ തന്നെ. ഒരു ‘പാക്ക്’ ലുക്കുള്ളവനെയൊന്നും കാണുന്നില്ല, അത്രയും സമാധാനം! ഒന്നോര്‍ക്കണം വിമാനത്തേല്‍ കേറുന്നതിനു മുന്‍പുള്ള ഒരേയൊരു ബാഗ്ഗേജ് ചെക്കിങാണ് അവന്‍ അവന്റമ്മേക്കെട്ടിക്കാനായിട്ട് നിസ്സാരമായി തള്ളിവിടുന്നത്! എപ്പടി?
വാല്‍: കളര്‍ പീസായിരുന്നു!
ഇനി ട്രെയിനില്‍ക്കേറാം. ഇതും 6 മാസം മുന്‍പത്തെ കഥതന്നെ. തുടങ്ങുന്നത് ചെന്നൈയിലും അവസാനിക്കുന്നത് കോഴിക്കോടും. നാടു മുഴുവന്‍ സ്ഫോടങ്ങളുണ്ടായി നടുങ്ങി നില്‍ക്കുന്ന സമയം. ഭീകരന്മാര്‍ "BACK" ഇനു ഫുള്‍ഫോമുണ്ടാക്കാന്‍ നടക്കുവാണെന്ന് ‘വിശ്വസനീയ’ കേന്ദ്രങ്ങളായ ‘യെസ് എം എസ്സ് കേന്ദ്രങ്ങള്‍’ മുന്നറിയിപ്പുകൊടുക്കുന്നതുകൊണ്ട് ചെന്നൈ റെയില്‌വേ സ്റ്റേഷനില്‍ നല്ല സെക്യൂരിറ്റിയായിരുന്നു. സ്റ്റേഷന്റെ മെയിന്‍ ഗേറ്റില്‍ അഞ്ചാറു ബെഞ്ച് നിരത്തിയിട്ട് സീആര്‍പീഎഫുകാര്‍ ബാഗു പരിശോധന നടത്തുന്നണ്ട്. റാന്‍ഡമായിട്ടാണ് പരിശോധന(എന്താണോ അതിന്റെ ക്രയിറ്റീരിയ? അല്ലാ, റാന്‍ഡത്തിനെന്തിനാല്ലേ ക്രൈറ്റീരിയ?). എന്റെ ബാഗും കൂട്ടത്തില്‍ പരിശോധിച്ചു. ചെന്നൈ സ്റ്റേഷനില്‍ വന്നിട്ടുള്ളവര്‍ക്കറിയാം മുന്‍വശത്തുകൂടിയല്ലാതെ ഇടത്തെവശത്തുള്ള ഗേറ്റില്‍ക്കൂടിയും അകത്തു കടക്കാം. അവിടെ രണ്ട് ബെഞ്ച് കിടപ്പുണ്ട്. പോലീസിനെയൊന്നും കാണുന്നില്ല. കാപ്പി കുടിക്കാന്‍ പോയതായിരിക്കും!
കോഴിക്കോട് ഭാര്യവീട് സന്ദര്‍ശനമൊക്കെ കഴിഞ്ഞ് ഞാന്‍ തിരിച്ച് ചെന്നൈയ്ക്ക് പോരാന്‍ ഇറങ്ങിയതായിരുന്നു. ബസ്സിനു കെയെസ്സാര്‍ട്ടീസീ സ്റ്റാന്റില്‍ വന്നെറങ്ങിയപ്പോള്‍ ബസ്സുകളൊക്കെ കേറിച്ചെല്ലുന്ന മുറയ്ക്ക് പിടിച്ചിടുന്നു. അകത്തേയ്ക്ക് കേറുന്നതല്ലാതെ ഒരൊറ്റ ബസ്സും പുറത്തേയ്ക്ക് പോകുന്നില്ല. അവിടെ നില്‍ക്കുന്ന ആളുകളുടെ മുഖത്തൊക്കെ ടെന്‍ഷന്‍. എന്താണ് സംഭവം എന്ന് അവിടെക്കണ്ട ഒരു മുഖത്തോട് ചോദിച്ചു. ബോംബ് ഭീഷിണിയാണ്.അനോണിമസ് കോള്‍ വന്നത്രെ. പോലീസ്സുകാര്‍ ഓരോ ബസ്സും പരിശോധിക്കുന്നു. "BACK" ലെ ‘സീ’ പെന്‍ഡിങ്ങല്ലേ. ചെന്നൈ യാത്ര ഒറ്റയ്ക്കല്ലായിരുന്നു. കൂടത്തില്‍ പോരുന്നവന്‍ സ്റ്റാന്റില്‍ കണ്ടേക്കാന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അവനെ അവിടെയെങ്ങു കാണാത്ത്തുകൊണ്ട് മൊബൈലില്‍ വിളിച്ചു. അന്നേരമാണ് അവന്‍ പറയുന്നത് അവന്‍ വരുന്നില്ലന്ന്. അവനെ വീട്ടില്‍നിന്ന് വിടില്ല. എല്ലാവര്‍ക്കും പേടി. യാത്ര മാറ്റിവെക്കാന്‍ അവന്‍ എന്നെയും ഉപദേശിച്ചു. നല്ല പേടി തോന്നിയെങ്കിലും യാത്ര മാറ്റാന്‍ പറ്റുന്നതല്ലായിരുന്നു എന്റെ അവസ്ഥ. പിന്നത്തേക്ക് ടിക്കറ്റ് കിട്ടുമോ എന്നുള്ള സംശയം, ഓഫീസിലെ അവസ്ഥ, അങ്ങനെ പലതും എന്നെ ആ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതനാക്കി. ഏതായാലും ഉള്ളില്‍ അപാരമായ പേടിയോടെ തന്നെ ഓട്ടോയില്‍ റെയില്‍വേ സ്റ്റേഷനില് ചെന്നിറങ്ങി. പക്ഷെ, ചെന്നെറങ്ങിയപ്പോള്‍ അത് വേറെ ഏതെങ്കിലും സ്ഥലത്തെ സ്റ്റേഷനായിട്ടാണ് എനിക്ക് തോന്നിയത്. കാരണം അവിടെ പരിശോധന പോയിട്ട് ഒരു പോലീസിനെപ്പോലും കാണാനില്ല!
.................
ഒരു ജോലിചെയ്യുന്നവന്‍ അതെന്തായാലും നേരേചൊവ്വേ ചെയ്താല്‍ മതി നമ്മുടെ രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും തീരാന്‍, ഭീകരവാദമുള്‍പടെ! പോലീസുകാരന്‍ നൂറു ശതമാനം പോലീസാവട്ടെ, ഭരണാധിപന്‍ നൂറു ശതമാനന്‍ ഭരിക്കുന്നവനും!
Wednesday, December 10, 2008
Subscribe to:
Post Comments (Atom)
3 comments:
രാഷ്ട്രീയക്കാരെ ജനം പരസ്യമായി കല്ലെറിഞ്ഞു തുടങ്ങിയിരിക്കുന്നു..
ആശംസകള്‍ ...
ജോലി ചെയ്യുന്നവര്‍ അത് നല്ലപോലെ ചെയ്താല്‍ നമ്മള്‍ എന്നേ നന്നായേനെ...
അതിനല്ലേ നമുക്ക് നല്ല നല്ല പഴംചൊല്ലുകള്‍
“വരാനുള്ളത് വഴീല്‍ തങ്ങൂല്ലാ”
“തലേവരക്ക് പിടലിയെ ചൊറിഞ്ഞാമതിയോ”
“അരി എത്തീന്ന് കരുതാം” ഇങ്ങനെ പറഞ്ഞ് നിസംഗതയോടെ നീങ്ങും ജനം
‘ഞാന്‍ ഇതെത്ര കണ്ടതാ’ എന്നാ പോലീസ് നയം..നമ്മള്‍ ചുമ്മാ പേടിച്ചോ..
ഈശോമിശിഹാ കുരിശേക്കിടക്കുന്ന ഒരു ലുക്കില്ലേ ആ ഷേപ്പിന് ..ശരിയാ ഉണ്ട് കേട്ടോ..നല്ല നിരീക്ഷണം..ഇതുവരെ കേട്ടിട്ടില്ലായിരുന്നു :)
Post a Comment